National
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരരെ പരിശീലിപ്പിക്കാൻ പാക്കിസ്ഥാൻ രഹസ്യകേന്ദ്രം. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) നിയന്ത്രണത്തിലുള്ള "എസ്1' കേന്ദ്രമാണ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും.
1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണം വരെ നടത്തിയത് ഇവിടെ പരിശീലനം നേടിയവരാണെന്നും റിപ്പോർട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
"എസ് 1' എന്നാൽ "സബ്വേർഷൻ 1' എന്നാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ആക്രമണങ്ങൾക്കു ഭീകരരെ പരിശീലിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് "എസ് 1'.
പാക്കിസ്ഥാൻ ആർമിയിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ "എസ് 1' ഭീകരകേന്ദ്രത്തെ നയിക്കുന്നു. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫീസർമാരാണ് പരിശീലനത്തിന്റെ ചുമതല വഹിക്കുന്നത്. ഇവർ "ഗാസി 1', "ഗാസി 2' എന്ന സീക്രട്ട് പേരിൽ അറിയപ്പെടുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായാണ് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളിൽനിന്നു ലഭിക്കുന്ന പണമാണ് ഇവരുടെ പ്രധാനവരുമാനം.
"എസ് 1' ഉദ്യോഗസ്ഥരും പരിശീലകരും എല്ലാത്തരം ബോംബുകളും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ്. കൂടാതെ വിവിധതരം ചെറു ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സമർഥരാണ്. ഇന്ത്യയിലെ പ്രധാനസ്ഥലങ്ങളുടെ വിശദമായ ഭൂപടങ്ങൾ യൂണിറ്റിന്റെ പക്കലുണ്ടെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി എസ്1 പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ സുരക്ഷാഏജൻസികൾ അടുത്തിടെയാണ് അതിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കിയത്.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്ന "എസ് 1' പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഭീകര പരിശീലന ക്യാമ്പുകൾ "എസ് 1' ഉദ്യോഗസ്ഥർ സന്ദർശിക്കാറുണ്ട്.
"എസ് 1' വളരെ രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ പല ഭീകര ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകർ ഇവിടെനിന്നുള്ളവരാണെന്ന് അറിയില്ലെന്നും ഇന്റലിജൻസ് ഏജൻസികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ആയിരക്കണക്കിന് തീവ്രവാദികൾക്ക് "എസ് 1' പരിശീലനം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് സൈനികർ ഭീകരരെ കണ്ടെത്തിയത്.
ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. വെള്ളിയാഴ്ച കുപ്വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
National
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ സൈന്യവും നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. കുപ്വാരയിലെ മച്ചില്‍, ദുദ്നിയാല് സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്.
മച്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
അതേസമയം, മറ്റൊരു സംഭവത്തില്‍ ദുദ്നിയാല് സെക്ടറില്‍ നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണ്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
National
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.
ഇന്ന് പുലര്‍ച്ചെയായിരുന്നു ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. ഉറി സെക്ടറില്‍ ഇപ്പോഴും ഭീകരർക്കായി കനത്ത തിരച്ചില്‍ തുടരുകയാണ്.